കാലവർഷം ശനിയാഴ്ചയോടെ ആൻഡമാനിൽ; കേരളത്തിലും വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം:
രാജ്യത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) മുന്നേറ്റത്തിന് അനുകൂലമായ അന്തരീക്ഷ സാഹചര്യങ്ങൾ രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിലെ അന്തരീക്ഷസ്ഥിതി വിലയിരുത്തുമ്പോൾ മെയ് 16 ശനിയാഴ്ചയോടെ കാലവർഷം തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങൾ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരുമെന്നാണ് പ്രവചനം. സാധാരണയായി മെയ് മാസത്തെ മൂന്നാം വാരത്തോടെ മാത്രം എത്താറുള്ള കാലവർഷം ഇത്തവണ നിശ്ചിത തീയതിക്കും അഞ്ചോ ആറോ ദിവസം മുൻപേയാണ് ആൻഡമാൻ തീരത്ത് പ്രവേശിക്കുന്നത്.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം നിലവിൽ ശക്തി പ്രാപിച്ച് ‘ശക്തികൂടിയ ന്യൂനമർദമായി’ മാറിയിട്ടുണ്ട്. ഇതിന്റെ സ്വാധീനഫലമായി കാലവർഷക്കാറ്റ് കൂടുതൽ ശക്തമാകുന്നതാണ് മൺസൂൺ നേരത്തെയാകാൻ കാരണമെന്ന് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ആൻഡമാനിൽ കൃത്യസമയത്ത് മൺസൂൺ സജീവമായാൽ മെയ് മാസം അവസാനത്തോടെ തന്നെ കേരളത്തിലും കാലവർഷം എത്തിയേക്കുമെന്നാണ് വിലയിരുത്തൽ.
കേരളത്തിൽ ഇടിമിന്നലോടുകൂടിയ പെരുമഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം
ന്യൂനമർദത്തിന്റെ ഫലമായി കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ വ്യാപകമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. കേരളത്തിൽ മെയ് 16 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും (മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ) കൂടിയ മഴയ്ക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
വിവിധ ജില്ലകളിൽ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
