സംസ്ഥാനത്ത് മെയ് മാസത്തെ ക്ഷേമ പെൻഷൻ വിതരണം 25 മുതൽ; 1070 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം:
സംസ്ഥാനത്തെ ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസമായി മെയ് മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷനുകളുടെ വിതരണം ഈ മാസം 25 മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി ഒപ്പനൻസായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബാങ്ക് അക്കൗണ്ടുകൾ വഴിയും സഹകരണ സംഘങ്ങൾ വഴി നേരിട്ടും പെൻഷൻ ഗുണഭോക്താക്കളിലേക്ക് എത്തും.
ക്ഷേമ പെൻഷൻ തുകയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ രംഗത്ത് ചർച്ചകൾ സജീവമാണ്. 2011 – 2016 കാലഘട്ടത്തിലെ യുഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് 600 രൂപയായിരുന്ന ക്ഷേമ പെൻഷൻ, തുടർന്ന് വന്ന ഒന്നും രണ്ടും പിണറായി സർക്കാരുകൾ ഘട്ടംഘട്ടമായാണ് വർദ്ധിപ്പിച്ചത്. നിലവിൽ പെൻഷൻ തുക 2000 രൂപയായി ഉയർത്തിയിട്ടുണ്ട്.
അതേസമയം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലേക്ക് മുന്നോടിയായി പുറത്തിറക്കിയ യുഡിഎഫ് പ്രകടനപത്രികയിൽ തങ്ങൾ അധികാരത്തിൽ വന്നാൽ ക്ഷേമ പെൻഷൻ തുക 3000 രൂപയാക്കി വർദ്ധിപ്പിക്കുമെന്ന വാഗ്ദാനവും മുന്നോട്ട് വെച്ചിട്ടുണ്ട്. പെൻഷൻ വിതരണം കൃത്യമായി നടപ്പാക്കാനുള്ള നടപടികൾ ധനവകുപ്പ് പൂർത്തിയാക്കിയതായാണ് റിപ്പോർട്ടുകൾ.
