വനിഗൻ ഭക്ഷണം വാർദ്ധക്യത്തെ ചെറുക്കും, വീക്കം കുറയ്ക്കും; പുതിയ പഠന റിപ്പോർട്ട്

വാഷിംഗ്ടൺ:
നാലാഴ്ചത്തെ പ്ലാന്റ്-ബേസ്ഡ് അല്ലെങ്കിൽ വീഗൻ ഡയറ്റ് (Vegan Diet) ശരീരത്തിലെ കോശജ്വലനം (Inflammation) കുറയ്ക്കാനും ജൈവീക വയസ്സ് (Biological Age) കുറയ്ക്കാനും സഹായിക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. സാൻ ഡീഗോയിലെ കാലിഫോർണിയ സർവകലാശാലയിലെയും ഫ്രെയ്ബർഗ് സർവകലാശാലയിലെയും ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്.
ഡിഎൻഎ മെഥിലേഷൻ (DNA Methylation) എന്ന ജീൻ പ്രവർത്തനത്തെ സ്വാധീനിക്കുന്ന രാസ പ്രക്രിയയിൽ വ്യതിയാനങ്ങൾ വരുത്താൻ വീഗൻ ഭക്ഷണരീതിക്ക് സാധിക്കുന്നുണ്ട്. പ്രതിരോധശേഷി, മെറ്റാബോളിസം, സെല്ലുലാർ പ്രതികരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലാണ് പ്രധാനമായും മാറ്റങ്ങൾ കണ്ടത്.
48 പേരിൽ 4 ആഴ്ചത്തേക്ക് നടത്തിയ ഈ ചെറിയ ക്ലിനിക്കൽ ട്രയലിന്റെ ഫലം മെഡ്കോം (MedComm) എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിൽ വന്നിട്ടുണ്ട്. മുൻപ് സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഗവേഷകരും സമാനമായ പഠനം ഇരട്ടകളിൽ നടത്തി വിജയം കണ്ടിരുന്നു. എന്നാൽ ഈ കണ്ടെത്തലുകൾ കൂടുതൽ വലിയ പഠനങ്ങളിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
മൃഗങ്ങളിൽ നിന്നോ ജന്തുക്കളിൽ നിന്നോ ലഭിക്കുന്ന യാതൊരുവിധ ഭക്ഷണപദാർത്ഥങ്ങളും ഉൾപ്പെടുത്താതെ, പൂർണ്ണമായും സസ്യവിഭവങ്ങൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭക്ഷണരീതിയാണ് വീഗൻ ഡയറ്റ് (Vegan Diet).
സാധാരണ വെജിറ്റേറിയൻ (Vegetarian) രീതിയിൽ നിന്ന് ഇത് വ്യത്യസ്തമാണ്. വെജിറ്റേറിയൻ കഴിക്കുന്നവർ ഇറച്ചിയും മീനും ഒഴിവാക്കുമെങ്കിലും പാൽ, തൈര്, നെയ്യ്, മുട്ട തുടങ്ങിയവ കഴിക്കാറുണ്ട്. എന്നാൽ വീഗൻ ഡയറ്റിൽ ഇവയൊന്നും ഉപയോഗിക്കില്ല.
കഴിക്കുന്ന ഭക്ഷണങ്ങൾ:
- ധാന്യങ്ങൾ (അരി, ഗോതമ്പ്, ഓട്സ് തുടങ്ങിയവ)
- പച്ചക്കറികൾ, ഫലവർഗ്ഗങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ
- ചെറുപയർ, കടല, പരിപ്പുവർഗ്ഗങ്ങൾ (Legumes & Pulses)
- അണ്ടിപ്പരിപ്പ് വർഗ്ഗങ്ങൾ (Nuts), വിത്തുകൾ (Seeds)
- പ്ലാന്റ് മിൽക്കുകൾ (സോയാ മിൽക്ക്, ബദാം മിൽക്ക്, തേങ്ങാപ്പാൽ)
- സോയാ ഉൽപ്പന്നങ്ങൾ (Tofu, Tempeh)
പൂർണ്ണമായും ഒഴിവാക്കുന്നവ:
- കോഴി, ആട്, മാടറച്ചി തുടങ്ങിയ എല്ലാത്തരം മാംസങ്ങൾ
- മീൻ, ചെമ്മീൻ ഉൾപ്പെടെയുള്ള കടൽവിഭവങ്ങൾ
- മുട്ട
- പാൽ, തൈര്, വെണ്ണ, നെയ്യ്, പനീർ, ചീസ്
- തേൻ (തേനീച്ചകളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്നതിനാൽ പല വീഗൻ പ്രസ്ഥാനങ്ങളും ഒഴിവാക്കുന്നു)
ആരോഗ്യ സംരക്ഷണം, മൃഗസംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നീ ലക്ഷ്യങ്ങളോടെയാണ് ആളുകൾ പ്രധാനമായും ഈ രീതി തിരഞ്ഞെടുക്കുന്നത്.
