ഇടുക്കിയിൽ കനത്ത മഴയിൽ കാർഷിക ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് 2 പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്
BY: TNN WEB TEAM
ഇടുക്കി:
മണിക്കൂറുകളായി പെയ്തൊഴിയാത്ത കനത്ത മഴയ്ക്ക് പിന്നാലെ ഹൈറേഞ്ചിനെ നടുക്കി വട്ടവട കൊട്ടാക്കമ്പൂരിൽ ദുരന്തം. കൃഷിയിടത്തിലെ താൽക്കാലിക ഷെഡിന് മുകളിലേക്ക് മലഞ്ചെരിവ് ഇടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം. തോരാമഴയിൽ നിന്ന് രക്ഷനേടാൻ ഷെഡിൽ അഭയം പ്രാപിച്ച തോട്ടം തൊഴിലാളികൾക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്.
കൊട്ടാക്കമ്പൂർ സ്വദേശികളായ ചിന്നമ്മ, സഹോദരൻ ബാലചന്ദ്രൻ എന്നിവരാണ് മണ്ണിനടിയിൽപ്പെട്ട് തൽക്ഷണം മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന മറിയമ്മ എന്ന സ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് പുറത്തെടുത്ത് ഉടനടി ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നാർ-വട്ടവട മേഖലയിൽ അതിശക്തമായ മഴയാണ് പെയ്തിരുന്നത്. കൃഷിയിടത്തിൽ ജോലിയിലായിരുന്ന മൂവരും മഴ ശക്തമായതോടെ സമീപത്തെ ചെറിയ കാർഷിക ഷെഡിലേക്ക് മാറിയിരിക്കുകയായിരുന്നു. എന്നാൽ നിമിഷനേരം കൊണ്ട് ഷെഡിന് മുകളിലെ മലഞ്ചെരിവ് അതിശക്തമായ ശബ്ദത്തോടെ പാറക്കല്ലുകളും മണ്ണുമായി ഇടിഞ്ഞുതാഴേക്ക് പതിക്കുകയായിരുന്നു. ഷെഡ് പൂർണമായും തകർന്ന് ഇവർ നിമിഷങ്ങൾക്കകം മണ്ണിനടിയിൽപ്പെടുകയായിരുന്നു.

