സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമാകുന്നു; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

 സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമാകുന്നു; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

തിരുവനന്തപുരം/കാസർകോട്/ഇടുക്കി: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമായതോടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. തുടർച്ചയായി രണ്ട് ന്യൂനമർദങ്ങൾ രൂപപ്പെടുന്നതാണ് കേരളത്തിൽ മഴ ശക്തമാകാൻ കാരണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തമിഴ്‌നാടിനോട് ചേർന്ന് രൂപപ്പെടുന്ന ആദ്യത്തെ ന്യൂനമർദത്തിന്റെ ഫലമായി കേരളത്തിൽ ഇന്ന് മുതൽ പരക്കെ മഴ ലഭിച്ചു തുടങ്ങും.

സാധാരണയായി തുലാമഴ വൈകുന്നേരങ്ങളിലാണ് ലഭിക്കാറുള്ളതെങ്കിൽ, ന്യൂനമർദ സ്വാധീനം കാരണം ദിവസം മുഴുവൻ മഴ ലഭിക്കുന്ന സാഹചര്യമാണുളളത്. ഒക്ടോബർ 24, 25, 26 തീയതികളിൽ മധ്യ-തെക്കൻ കേരളത്തിൽ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.

മഴ മുന്നറിയിപ്പുകൾ:

  • ഓറഞ്ച് അലർട്ട്:
    • ഇന്ന് (ഒക്ടോബർ 21): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
    • നാളെ (ഒക്ടോബർ 22): എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്
    • വെള്ളിയാഴ്ച (ഒക്ടോബർ 23): കോഴിക്കോട്, കണ്ണൂർ, കാസർകോട്
    • ശനിയാഴ്ച (ഒക്ടോബർ 24): ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
  • യെല്ലോ അലർട്ട്:
    • ഇന്ന് (ഒക്ടോബർ 21): ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടർദിവസങ്ങളിലും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

കൊച്ചി-ധനുഷ്‌കോടി പാതയിൽ ഗതാഗതം നിരോധിച്ചു:

ശക്തമായ മഴയ്‌ക്കൊപ്പം ദേശീയപാത നിര്‍മാണത്തിനിടെ കൊച്ചി-ധനുഷ്‌കോടി പാതയിലേക്ക് കൂറ്റന്‍ പാറ പതിച്ചു. സുരക്ഷാ ഭീഷണി പൂർണമായും ഒഴിവാകുന്നതുവരെ പാതയിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതായി ജില്ലാ കളക്‌ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. റോഡിൽ പതിച്ച പാറ പൊട്ടിച്ചുമാറ്റാനും അപകടകരമായി നിൽക്കുന്ന മറ്റ് പാറകളും മരങ്ങളും നീക്കം ചെയ്യാനും മൂന്ന് ദിവസമെടുക്കുമെന്നാണ് വിലയിരുത്തൽ.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News