കുട്ടിക്കാനത്തെ മോഷണ പരമ്പര: അന്തർജില്ലാ കവർച്ചാസംഘത്തലവൻ പീരുമേട് പോലീസിന്റെ പിടിയിൽ
BY: SHIBU K THAMPI PEERUMSADU
പീരുമേട്: കുട്ടിക്കാനത്ത് തുടർച്ചയായി നടന്നുവന്ന കവർച്ചാ പരമ്പരയിലെ പ്രധാന പ്രതിയെ പീരുമേട് പോലീസ് പിടികൂടി. കുട്ടിക്കാനം എസ്ബിഐ (SBI) എടിഎമ്മിന് സമീപം പ്രവർത്തിക്കുന്ന ‘തമ്പാൻ കോഫി ഷോപ്പിൽ’ കഴിഞ്ഞ മാസം മോഷണം നടത്തിയ തിരുവല്ല കവിയൂർ സ്വദേശി തൈക്കാട്ട് വീട്ടിൽ വിശാൽ റാവത്ത് (22) ആണ് അറസ്റ്റിലായത്.
അടൂർ, പത്തനംതിട്ട, പന്തളം തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ മോഷണങ്ങൾ നടത്തിയതിനെ തുടർന്ന് അടൂർ പോലീസ് കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്ത പ്രതിയെ, കുട്ടിക്കാനത്തെ കേസുമായി ബന്ധപ്പെട്ട് പീരുമേട് പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. മോഷണസ്ഥലത്തുനിന്ന് വിരലടയാള വിദഗ്ധർ ശേഖരിച്ച തെളിവുകളാണ് കേസിൽ നിർണ്ണായകമായത്. തമ്പാൻ കോഫി ഷോപ്പിൽ നിന്ന് ലഭിച്ച വിരലടയാളം വിശാലിനൊപ്പമുള്ള പ്രായപൂർത്തിയാകാത്ത കൂട്ടാളിയുടേതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മോഷണത്തിന്റെ ചുരുളഴിയുകയായിരുന്നു.
പ്രതിയുടെ പേരിൽ വിവിധ ജില്ലകളിലായി 23-ഓളം കേസുകൾ നിലവിലുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ഭൂരിഭാഗം കേസുകളും രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇടുക്കി ജില്ലയിൽ ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യ കേസാണിത്.
ഇയാൾക്കൊപ്പം കവർച്ചകളിൽ പങ്കാളികളായ മറ്റ് നാലുപേർ പ്രായപൂർത്തിയാകാത്തവരാണ്. സ്ഥിരം കുറ്റവാളികളായ ഇവർക്കെതിരെ എട്ടു മുതൽ പത്തു വരെ കേസുകൾ നിലവിലുണ്ടെന്നും നിലവിൽ ഇവർ കൊല്ലത്തെ കെയർ ഹോമിൽ കഴിയുകയാണെന്നും പോലീസ് വ്യക്തമാക്കുന്നു. സമീപകാലത്തായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തോളം മോഷണങ്ങളാണ് ഈ സംഘം നടത്തിയത്.
