ഡി.എം.കെ എം.എൽ.എ മാർക്കണ്ഡേയൻ അറസ്റ്റിൽ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ വിവാദ പരാമർശം നടത്തിയെന്ന് കേസ്
തൂത്തുക്കുടി:
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷമായ വിവാദ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ വിളാത്തുകുളം മണ്ഡലത്തിലെ ഡി.എം.കെ എം.എൽ.എ ജി.വി. മാർക്കണ്ഡേയനെ പൊലീസ് അറസ്റ്റ് ചെയ്തു. തൂത്തുക്കുടി ജില്ലാ ക്രൈംബ്രാഞ്ച് പൊലീസാണ് പുലർച്ചെ എം.എൽ.എയുടെ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.
ജൂലൈ 18-ന് കോവിൽപട്ടിയിൽ വോട്ടർമാർക്ക് നന്ദി അറിയിക്കാൻ ഡി.എം.കെ സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രസംഗത്തിൽ തമിഴ്‌നാടിന്റെയും ഇന്ത്യയുടെയും ചരിത്രത്തിൽ ഇതുവരെ ഇത്രയും മോശക്കാരനായ ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ലെന്ന് മാർക്കണ്ഡേയൻ വിമർശിച്ചു. മുൻ മുഖ്യമന്ത്രിയോട് നിയമസഭയിൽ വെച്ച് “നിങ്ങളുടെ അച്ഛനെയാണ് ഞാൻ തിരയുന്നത്” എന്ന് വിജയ് പറഞ്ഞതായി ആരോപിച്ച എം.എൽ.എ, ഇത്തരമൊരു നിലവാരമില്ലാത്ത പ്രസംഗം കേട്ടിട്ടില്ലെന്നും പറഞ്ഞു. തങ്ങളെ കോമാളികളായാണോ കാണുന്നതെന്ന് ചോദിച്ച അദ്ദേഹം, ബാക്കി കാര്യങ്ങൾ നിയമസഭയിൽ വെച്ച് കാണാമെന്ന് വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
പൊതുയോഗത്തിലെ വിവാദ പരാമർശങ്ങൾക്കെതിരെ ടി.വി.കെ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ ഈ നിർണായക നടപടി.
