ശരീരഭാരം കുറയ്ക്കാൻ 8 മണിക്കൂർ ‘ടൈം-റിസ്ട്രിക്റ്റഡ് ഈറ്റിംഗ്’ മികച്ചതെന്ന് പഠനം; രക്തസമ്മർദ്ദത്തിൽ വലിയ മാറ്റമില്ല

ഒരു നിശ്ചിത സമയത്തിനുള്ളിൽ മാത്രം ഭക്ഷണം കഴിക്കുന്ന ‘ടൈം-റിസ്ട്രിക്റ്റഡ് ഈറ്റിംഗ്’ (TRE) രീതി ശരീരഭാരം കുറയ്ക്കാൻ ഏറെ സഹായകരമാണെന്ന് പുതിയ പഠനം. എട്ട് മണിക്കൂർ സമയപരിധിക്കുള്ളിൽ ഭഷണം കഴിക്കുന്നവരിലാണ് 12 മണിക്കൂർ സമയപരിധി ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് കൂടുതൽ ശരീരഭാരം കുറയുന്നതായി കണ്ടത്. ‘ന്യൂട്രീഷൻ & ഡയബറ്റിസ്’ എന്ന ശാസ്ത്ര മാസികയിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എന്നാൽ ഭാരം കുറയ്ക്കുന്നതിൽ കാര്യക്ഷമമാണെങ്കിലും, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്ട്രോൾ എന്നിവയിൽ കാര്യമായ വ്യത്യാസങ്ങൾ വരുത്താൻ ഈ രീതിക്ക് സാധിച്ചിട്ടില്ലെന്നും ഗവേഷകർ വ്യക്തമാക്കുന്നു. 10 മണിക്കൂർ സമയപരിധി പാലിച്ചവരിൽ രക്തസമ്മർദ്ദത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
കലോറി കണക്കാക്കാതെ തന്നെ പിന്തുടരാം എന്നതിനാൽ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് എളുപ്പത്തിൽ സ്വീകരിക്കാവുന്ന ഒന്നാണ് ഈ ഉപവാസ രീതി. എങ്കിലും പ്രമേഹം, അനോറെക്സിയ തുടങ്ങിയ ഈറ്റിംഗ് ഡിസോർഡറുകൾ ഉള്ളവരും ഗർഭിണികളും ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഇത് പിന്തുടരാവൂ എന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
