സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ജാഗ്രതാ നിർദേശം

 സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ജാഗ്രതാ നിർദേശം

തിരുവനന്തപുരം:

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കണ്ണൂർ, കോഴിക്കോട്, കാസർകോട്, കോട്ടയം, മലപ്പുറം, തൃശൂർ, ആലപ്പുഴ, വയനാട്, പാലക്കാട്, എറണാകുളം എന്നീ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർമാർ അവധി നൽകിയത്. വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

തീവ്രമഴ മുന്നറിയിപ്പിന്റെ ഭാഗമായി വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ നിലനിൽക്കുന്ന തീരദേശ ന്യൂനമർദ പാത്തിയുടെയും അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായതിന്റെയും സ്വാധീനത്തിലാണ് സംസ്ഥാനത്ത് മഴ കനത്തത്. മലയോര മേഖലകളിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. രാത്രി സമയങ്ങളിൽ മലയോര മേഖലകളിലേക്കുള്ള യാത്രകൾ പൂർണമായും ഒഴിവാക്കാനും നിർദേശമുണ്ട്.

മോശം കാലാവസ്ഥയെ തുടർന്ന് കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണം. മഴ കനത്തതോടെ പ്രധാന ഡാമുകളിൽ ജലനിരപ്പ് ഉയരുകയും ചില അണക്കെട്ടുകളുടെ ഷട്ടറുകൾ തുറക്കുകയും ചെയ്തിട്ടുണ്ട്. നദികളിലും തോടുകളിലും ജലനിരപ്പ് ഉയരുന്നതിനാൽ പുഴകളിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും കർശന വിലക്കേർപ്പെടുത്തി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News