കെഎസ്ആർടിസി ബസ് ബൈക്കിന് പിന്നിലിടിച്ചുണ്ടായ അപകടം: ചികിത്സയിലായിരുന്ന ക്രൈംബ്രാഞ്ച് എഎസ്ഐ അന്തരിച്ചു
തിരുവനന്തപുരം:
വിഴിഞ്ഞം ഉച്ചക്കടയിൽ കെഎസ്ആർടിസി ബസ് ബൈക്കിന് പിന്നിലിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന ക്രൈംബ്രാഞ്ച് ഗ്രേഡ് എഎസ്ഐ സെൽവരാജ് (48) അന്തരിച്ചു. ബാലരാമപുരം ആർസി തെരുവ് പള്ളിവിളാകത്ത് വീട്ടിൽ താമസിക്കുന്ന അദ്ദേഹം ഇന്നലെ വൈകിട്ടോടെയാണ് മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 5.25നായിരുന്നു അപകടം നടന്നത്. പൂവാറിൽ പുതുതായി ആരംഭിക്കുന്ന ക്രൈംബ്രാഞ്ച് ഓഫീസിൽ ഫയലുകൾ എത്തിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സെൽവരാജ്. ഈ സമയത്താണ് കെഎസ്ആർടിസി ബസ് അദ്ദേഹത്തിന്റെ ബൈക്കിലിടിച്ചത്. അപകടത്തെ തുടർന്ന് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മഞ്ജു സെൽവരാജ് ആണ് ഭാര്യ. വിനീഷ്, ജഗൻ എന്നിവർ മക്കളാണ്. സെൽവരാജിന്റെ അപ്രതീക്ഷിത വിയോഗത്തിൽ പോലീസ് സേനാംഗങ്ങൾ അനുശോചനം രേഖപ്പെടുത്തി.
