മാസപ്പടി കേസ്: എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിനെതിരായ ഹർജി വിധി പറയാൻ മാറ്റി ഹൈക്കോടതി

എറണാകുളം:
മാസപ്പടി ഇടപാടിലെ ഹവാല അഴിമതിയുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിനെതിരെയുള്ള ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി. വിഷയത്തിൽ വിശദമായ വാദം പൂർത്തിയായ ശേഷമാണ് കേസ് വിധി പറയാനായി മാറ്റിവെച്ചത്.
കേസിൽ പൊലീസ് ആവശ്യപ്പെടുകയാണെങ്കിൽ തങ്ങൾ രേഖപ്പെടുത്തിയ മൊഴികൾ കൈമാറാൻ തയ്യാറാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയെ അറിയിച്ചു. ഇഡിയുടെ റിപ്പോർട്ടിനെ പ്രാഥമികാന്വേഷണ റിപ്പോർട്ടായി (FIR) പരിഗണിക്കാൻ നിയമപരമായി സാധിക്കുമെന്ന് വാദത്തിനിടെ ഹൈക്കോടതി നിരീക്ഷിച്ചു.
മാസപ്പടിയിലെ ഹവാല ഇടപാടിൽ ഉടൻ തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന ഇഡി, ഇത് സാധൂകരിക്കുന്ന സുപ്രീം കോടതി ഉത്തരവുകളും കോടതി മുൻപാകെ ഹാജരാക്കി. അതേസമയം, ഇഡിക്ക് നേരിട്ട് കോടതിയെ സമീപിക്കാൻ അവസരമുണ്ടല്ലോ എന്ന് ഹൈക്കോടതി ഓർമ്മിപ്പിച്ചു.
ഇഡി പൊലീസിനെപ്പോലെ ഒരു അന്വേഷണ ഏജൻസിയല്ലെന്നും വിവരശേഖരണവും തുടർനടപടികളും മാത്രമാണ് അവരുടെ പരിധിയിൽ വരുന്നതെന്നുമുള്ള സംസ്ഥാന സർക്കാരിന്റെ വാദത്തെ ഹൈക്കോടതി തിരുത്തി.
