പ്ലാസ്റ്റിക് തിന്നുതീർക്കുന്ന ബാക്ടീരിയ: നിർണായക കണ്ടുപിടുത്തവുമായി ഉസ്മാനിയ സർവകലാശാലയിലെ ഗവേഷകർ

 പ്ലാസ്റ്റിക് തിന്നുതീർക്കുന്ന ബാക്ടീരിയ: നിർണായക കണ്ടുപിടുത്തവുമായി ഉസ്മാനിയ സർവകലാശാലയിലെ ഗവേഷകർ

ഹൈദരാബാദ്:

ലോകമെമ്പാടും വലിയ ഭീഷണിയുയർത്തുന്ന പ്ലാസ്റ്റിക് മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ നൂതന മാർഗവുമായി ഹൈദരാബാദ് ഉസ്മാനിയ സർവകലാശാല. പ്ലാസ്റ്റിക് അവശിഷ്ടങ്ങളെ അതിവേഗം തിന്നുതീർക്കുന്ന പ്രത്യേകതരം ബാക്ടീരിയകളെ സർവകലാശാലയിലെ മൈക്രോബയോളജി വിഭാഗത്തിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് കണ്ടെത്തി. ഈ ബാക്ടീരിയകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഔദ്യോഗിക നാമകരണവും അടുത്ത നാലഞ്ച് മാസങ്ങൾക്കുള്ളിൽ പുറത്തുവിടുമെന്നാണ് ഗവേഷണ സംഘം അറിയിച്ചിരിക്കുന്നത്.

വർഷങ്ങളോളം മണ്ണിൽ വിഘടിക്കാതെ കിടക്കുന്ന പ്ലാസ്റ്റിക് കവറുകളും കുപ്പികളും വൻതോതിലുള്ള പരിസ്ഥിതി നാശത്തിനും മൈക്രോപ്ലാസ്റ്റിക് ഭീഷണിക്കും വഴിവെക്കുന്ന സാഹചര്യത്തിലാണ് ഈ കണ്ടെത്തൽ ഏറെ ശ്രദ്ധേയമാകുന്നത്. മംഗളൂരുവിൽ മണ്ണിലെ സൂക്ഷ്മാണുക്കൾ ഉപയോഗിച്ച് പോളിത്തീൻ വിഘടിപ്പിച്ച പഠനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു വർഷം മുൻപാണ് സംഘം ഗവേഷണം ആരംഭിച്ചത്.

ക്യാമ്പസിന് പുറത്തുള്ള മാലിന്യ സംസ്കരണ കേന്ദ്രത്തിൽ നിന്ന് ശേഖരിച്ച മണ്ണിൽ നിന്നാണ് പ്ലാസ്റ്റിക് ഭുജിക്കുന്ന അപൂർവ്വ ബാക്ടീരിയകളെ ഇവർ വേർതിരിച്ചെടുത്തത്. പ്ലാസ്റ്റിക് കഷണങ്ങളുടെ ഭാരം അളന്ന ശേഷം ഈ ബാക്ടീരിയ അടങ്ങിയ മണ്ണിൽ നിക്ഷേപിച്ചപ്പോൾ, കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ ബാക്ടീരിയകൾ അവ പൂർണ്ണമായി തിന്നുതീർത്തതായി തെളിഞ്ഞു. എൻസൈമുകൾ ഉൽപ്പാദിപ്പിച്ച് പ്ലാസ്റ്റിക്കിനെ നശിപ്പിക്കുന്ന ഈ പ്രകൃതിദത്ത രീതി പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനത്തിൽ വൻ വഴിത്തിരിവാകും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News