ജി. വിവേകാനന്ദൻ സ്മാരക സാഹിത്യ പുരസ്കാരം ഷാനവാസ് പോങ്ങനാടിന് സമ്മാനിച്ചു
മന്ത്രി കെ. മുരളീധരൻ ഷാനവാസ് പോങ്ങനാടിന് പുരസ്കാരം സമ്മാനിക്കുന്നു. സമീപം സുരേഷ് പെരുമ്പള്ളി, സുനിൽദത്ത് സുകുമാരൻ, ഡോ. എം. ആർ. തമ്പാൻ, കെ. ഗോപാലകൃഷ്ണൻ നായർ, ശ്രീകുമാർ മുഖത്തല, ശിവാസ് വാഴമുട്ടം എന്നിവർ.

തിരുവനന്തപുരം:
ജി. വിവേകാനന്ദൻ ഫൗണ്ടേഷന്റെ 2026-ലെ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള ജി. വിവേകാനന്ദൻ സ്മാരക സാഹിത്യ പുരസ്കാരം പ്രശസ്ത സാഹിത്യകാരൻ ഷാനവാസ് പോങ്ങനാടിന് സമ്മാനിച്ചു. തിരുവനന്തപുരം പ്രസ് ക്ലബിന് സമീപമുള്ള ജോയിന്റ് കൗൺസിൽ എം.കെ.എൻ. ചെട്ടിയാർ ഹാളിൽ നടന്ന ചടങ്ങിൽ ബഹു. ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനവും അവാർഡ് ദാനവും നിർവ്വഹിച്ചു. ഫലകവും പ്രശസ്തിപത്രവും ക്യാഷ് പ്രൈസും അടങ്ങുന്നതാണ് പുരസ്കാരം.
ചിത്രാഞ്ജലിയുടെ പിറവിക്ക് പിന്നിലെ അപൂർവ്വ ചരിത്രം ഓർമ്മിപ്പിച്ച് കെ. മുരളീധരൻ
അവാർഡ് ദാന ചടങ്ങിൽ ജി. വിവേകാനന്ദനെ അനുസ്മരിച്ച് സംസാരിക്കവെ, തന്റെ പിതാവ് കെ. കരുണാകരനും ജി. വിവേകാനന്ദനും തമ്മിലുണ്ടായിരുന്ന ആത്മബന്ധവും തിരുവല്ലത്ത് ചിത്രാഞ്ജലി സ്റ്റുഡിയോ സ്ഥാപിക്കുന്നതിൽ ഇരുവരും വഹിച്ച നിർണ്ണായക പങ്കും മന്ത്രി കെ. മുരളീധരൻ പങ്കുവെച്ചു.

സി അച്യുതമേനോൻ മുഖ്യമന്ത്രിയായിരിക്കെ ഇൻഫർമേഷൻ-സിനിമ കാര്യങ്ങളുടെ ചുമതല കെ. കരുണാകരനായിരുന്നു. അക്കാലത്ത് തിരുവല്ലത്തെ മൊട്ടക്കുന്നിൽ ഒരു ഫിലിം സ്റ്റുഡിയോ സ്ഥാപിക്കുന്നതിനെതിരെ പല കോണുകളിൽ നിന്നും അതൃപ്തികൾ ഉയർന്നുവന്നിരുന്നു. അന്ന് സിനിമയിൽ തനിക്കുള്ള കമ്പം മനസ്സിലാക്കിയ പിതാവ് കെ. കരുണാകരൻ, സ്ഥലം നേരിട്ട് കണ്ട് അഭിപ്രായം പറയാനായി ജി. വിവേകാനന്ദനൊപ്പം തന്നെയും പറഞ്ഞയച്ച കാര്യം മന്ത്രി സ്മരിച്ചു.
തിരുവല്ലത്തെ കുന്നുപ്രദേശം ലോകനിലവാരത്തിലുള്ള ഫിലിം സ്റ്റുഡിയോ നിർമ്മിക്കാൻ തികച്ചും യോഗ്യമാണെന്ന് താനും കൂടി അഭിപ്രായപ്പെട്ടതോടെ കെ. കരുണാകരൻ സത്വര നടപടികളിലേക്ക് കടക്കുകയായിരുന്നു. വൈകാതെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനിരിക്കുന്നത് മുൻകൂട്ടി കണ്ടാണ് കരുണാകരൻ വേഗത്തിൽ തീരുമാനമെടുത്തത്. തുടർന്ന് ജി. വിവേകാനന്ദനെ തന്നെ നിർമ്മാണ മേൽനോട്ടം ഏൽപ്പിക്കുകയും ചിത്രാഞ്ജലി സ്റ്റുഡിയോ കേരളത്തിന് സമർപ്പിക്കുകയും ചെയ്തുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
സാഹിത്യ-സാംസ്കാരിക സന്ധ്യ
ജി. വിവേകാനന്ദൻ ഫൗണ്ടേഷൻ പ്രസിഡന്റ് കെ. ഗോപാലകൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് എസ്. സുനിൽ ദത്ത് പ്രശസ്തിപത്ര അവതരണം നടത്തി. ജനറൽ സെക്രട്ടറി ശിവാസ് വാഴമുട്ടം സ്വാഗതവും ജോയിന്റ് സെക്രട്ടറി സുരേഷ് പെരുമ്പള്ളി കൃതജ്ഞതയും രേഖപ്പെടുത്തി. ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ ഡോ. എം.ആർ. തമ്പാൻ മുഖ്യപ്രഭാഷണവും കവിയും എഴുത്തുകാരനുമായ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണവും നിർവ്വഹിച്ചു. അവാർഡ് ജേതാവ് ഷാനവാസ് പോങ്ങനാട് മറുപടി പ്രസംഗം നടത്തി.
ചടങ്ങിൽ വിവിധ മേഖലകളിൽ മികവു പുലർത്തിയ വിശിഷ്ട വ്യക്തികളായ എം. ജവഹർലാൽ (മികച്ച ഗ്രന്ഥശാലാ പ്രവർത്തകൻ), സുനിൽ ദത്ത് (നവാഗത സംവിധായകൻ, സത്യജിത് റേ ഗോൾഡൻ ആർക്ക് അവാർഡ് ജേതാവ്), ശുഭ വയനാട് (മികച്ച രണ്ടാമത്തെ നടി, 49-ാം കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്), അയൂബ് ഖാൻ (സീനിയർ റിപ്പോർട്ടർ, മംഗളം), അജി. എസ് (ഛായാഗ്രാഹകൻ), ദേവി. എസ്. ആർ (രണ്ടാം റാങ്ക്, ജേർണലിസം ബിരുദാനന്തര ബിരുദം), ആർച്ച മുരുകേശ് (മൂന്നാം റാങ്ക്, ബി.എസ്.സി ഫോറൻസിക് സയൻസ്), സഞ്ജനാ വിശ്വനാഥ് (നാലാം റാങ്ക്, ബി.എ. മ്യൂസിക്), കുമാരി അമൃത (ഫ്ലവേഴ്സ് ടിവി ടോപ് സിംഗർ ഫെയിം) എന്നിവരെ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു.

