പാചകവാതക ക്ഷാമം; മാർച്ച് 23-ന് സംസ്ഥാനത്തെ ഹോട്ടലുകൾ അടച്ചിടും
കൊച്ചി:
സംസ്ഥാനത്ത് രൂക്ഷമായ പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് മാർച്ച് 23 തിങ്കളാഴ്ച കേരളത്തിലെ ഹോട്ടലുകൾ അടച്ചിട്ട് സൂചനാ പണിമുടക്ക് നടത്താൻ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (KHRA) തീരുമാനിച്ചു. കൊച്ചിയിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. പാചകവാതക ലഭ്യത കുറഞ്ഞത് ഹോട്ടൽ മേഖലയുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ച സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കുന്നത്.
ഹോട്ടൽ മേഖലയെ അവശ്യ സർവീസായി പ്രഖ്യാപിക്കണമെന്നും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി പാചകവാതക വിതരണം പുനഃസ്ഥാപിക്കണമെന്നുമാണ് അസോസിയേഷൻ്റെ പ്രധാന ആവശ്യം. ഇതിന്റെ ഭാഗമായി നാളെ എണ്ണക്കമ്പനികളുടെ ബോട്ട്ലിങ് പ്ലാൻ്റുകളിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിൽ കേന്ദ്ര സർക്കാർ നിസ്സംഗത പുലർത്തുകയാണെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജി. ജയപാലും ജനറൽ സെക്രട്ടറി എൻ. അബ്ദുൾ റസാഖും പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
