ലോട്ടറി ക്ഷേമനിധി ബോർഡ് അഴിമതിക്കേസ്: തട്ടിയെടുത്ത 6 കോടി രൂപയുടെ നോട്ടുകൾ കത്തിച്ചെന്ന് ഒന്നാം പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
BY: TS TVM
തിരുവനന്തപുരം:
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയ കേസിൽ സംസ്ഥാനത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഒന്നാം പ്രതി. ലോട്ടറി ക്ഷേമനിധി ബോർഡിലെ മുൻ ക്ലർക്കായ സംഗീത്, താൻ തട്ടിയെടുത്ത പണത്തിൽ 6 കോടി രൂപയുടെ നോട്ടുകൾ കത്തിച്ചുകളഞ്ഞതായി വിജിലൻസിന് മൊഴി നൽകി. 2016-ലെ നോട്ട് നിരോധനത്തെ തുടർന്ന് കൈവശമുണ്ടായിരുന്ന 500, 1000 രൂപയുടെ നോട്ടുകൾ അസാധുവായതോടെയാണ് ഇവ കത്തിക്കാൻ തീരുമാനിച്ചതെന്നാണ് പ്രതിയുടെ വിശദീകരണം.
ക്ഷേമനിധി അക്കൗണ്ടിൽ നിന്നും പല ഘട്ടങ്ങളായി പിൻവലിച്ച തുകയാണ് ഇത്തരത്തിൽ നശിപ്പിച്ചത്. 2017-ൽ തിരുവനന്തപുരം പോങ്ങുമൂട്ടിലെ വീട്ടിലെ ഇൻസിനറേറ്ററിൽ (Insilator) വെച്ച് തന്റെ ജ്യേഷ്ഠനാണ് ഈ നോട്ടുകൾ കത്തിച്ചതെന്ന് സംഗീത് വിജിലൻസിനോട് സമ്മതിച്ചു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും പ്രതിയുടെ വീട്ടിലെത്തി വിശദമായ പരിശോധനകൾ നടത്തിയിട്ടുണ്ട്.
തട്ടിയെടുത്തത് 16 കോടി രൂപ; വൻ ക്രമക്കേട്
വിജിലൻസിന്റെ പ്രാഥമിക നിഗമനപ്രകാരം സംഗീത് വിവിധ മാർഗ്ഗങ്ങളിലൂടെ 16 കോടിയോളം രൂപയാണ് തട്ടിയെടുത്തത്. എന്നാൽ സ്പെഷ്യൽ ഓഡിറ്റ് റിപ്പോർട്ട് അനുസരിച്ച് ലോട്ടറി ഏജന്റുമാരുടെയും തൊഴിലാളികളുടെയും ക്ഷേമനിധി തുകയിൽ നിന്ന് 14.93 കോടി രൂപയുടെ കൃത്രിമം നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
2013 മുതൽ 2020 വരെയുള്ള കാലയളവിലാണ് ബോർഡിന്റെ കണ്ണുവെട്ടിച്ച് ഈ വൻ തട്ടിപ്പ് അരങ്ങേറിയത്. സാധാരണക്കാരായ ലോട്ടറി തൊഴിലാളികൾ പ്രതിമാസം അടയ്ക്കുന്ന വിഹിതമാണ് പ്രതികൾ സ്വന്തം ആവശ്യങ്ങൾക്കായി വകമാറ്റിയത്. നോട്ട് നിരോധനത്തിന് ശേഷം തുക നേരിട്ട് പിൻവലിക്കുന്നതിന് തടസ്സങ്ങൾ നേരിട്ടതോടെ, ക്ഷേമനിധിയിലെ പണം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലുള്ള വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റി വെളുപ്പിക്കുകയായിരുന്നു ഇവരുടെ പതിവ്.
കോടികളുടെ സ്വത്തുക്കൾ വാരിക്കൂട്ടി പ്രതികൾ
ക്ലർക്ക് സംഗീതും ഇയാളുടെ സുഹൃത്തും ഇടനിലക്കാരനുമായ അനിൽകുമാറും ചേർന്ന് തട്ടിപ്പുപണം ഉപയോഗിച്ച് വൻതോതിൽ സ്വത്ത് സമ്പാദിച്ചതായും അന്വേഷണസംഘം കണ്ടെത്തി. കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിൽ മാത്രം പ്രതികളുടെ പേരിൽ 45 ഭൂമി രജിസ്ട്രേഷനുകൾ നടന്നിട്ടുള്ളതായി വിജിലൻസ് സ്ഥിരീകരിച്ചു.
ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ മേൽനോട്ട വീഴ്ചയും ആഭ്യന്തര പരിശോധനകളുടെ കുറവുമാണ് ഇത്രയും വലിയ തുക നഷ്ടപ്പെടാൻ കാരണമായതെന്ന് സ്പെഷ്യൽ ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. തട്ടിപ്പ് വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്ന് പ്രതിയായ സംഗീതിനെ നേരത്തെ തന്നെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വിജിലൻസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
