ഇടപ്പള്ളിയിൽ 15 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ; ഓപ്പറേഷൻ തൂഫാൻ ശക്തമാക്കി എറണാകുളം സിറ്റി പോലീസ്
BY: HABEEB ERNAKULAM
കൊച്ചി:
ലഹരിമരുന്നുകൾക്കെതിരെ എറണാകുളം സിറ്റി പോലീസ് ശക്തമാക്കിയ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ’ ഭാഗമായി കളമശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഇടപ്പള്ളി ടോൾ ഭാഗത്തുനിന്ന് വൻ കഞ്ചാവ് ശേഖരം പിടികൂടി. സംഭവത്തിൽ വെസ്റ്റ് ബംഗാൾ മുർഷിദാബാദ് കമർപൂർ കോളനി സ്വദേശിയായ അഹദ് അലി (26) യെ ഡാൻസാഫ് (DANSAF) സംഘം കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്ന് 15.183 കിലോഗ്രാം കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്.
അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായതെന്നാണ് പ്രാഥമിക നിഗമനം. ലഹരിവസ്തുക്കൾ എവിടെനിന്നാണ് കൊണ്ടുവന്നതെന്നും ഇതിന്റെ പ്രധാന സ്രോതസ്സ് ഏതാണെന്നും കേന്ദ്രീകരിച്ച് സിറ്റി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
എറണാകുളം സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS-ന്റെ നിർദ്ദേശപ്രകാരം ഡി.സി.പിമാരായ അശ്വതി ജിജി IPS, അരുൺ K. പവിത്രൻ IPS എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ T.D. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ഡാൻസാഫ് ടീമാണ് പ്രതിയെ വലയിലാക്കിയത്.
