കയ്പമംഗലത്ത് ചരക്ക് ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറി ദാരുണ അപകടം; 8 എൻജിനീയറിങ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
BY : JOSE THRISSUR
തൃശൂർ: കയ്പമംഗലത്ത് ദേശീയപാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ എട്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. തമിഴ്നാട് ദിണ്ടിഗൽ പിഎസ്എൻഎ എൻജിനീയറിങ് കോളജിലെ വിദ്യാർഥികളാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 11.45ഓടെയാണ് സംഭവം. തമിഴ്നാട് രജിസ്ട്രേഷനിലുള്ള കിയ കാർ നിയന്ത്രണംവിട്ട് ലോറിയുടെ പിന്നിലേക്ക് അതിവേഗത്തിൽ ഇടിച്ചുകയറുകയായിരുന്നു. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള (എംഎച്ച് 43 സിഇ 3671) ചരക്ക് ലോറിയാണ് ദേശീയപാതയിലെ ഒന്നാം ട്രാക്കിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ നിർത്തിയിട്ടിരുന്നത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്ന് തരിപ്പണമായി.
വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാറിൻ്റെ മുൻഭാഗം ലോറിക്കടിയിലേക്ക് പൂർണമായും ഇടിച്ചുകയറിയ നിലയിലായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ അതിസാഹസികമായി പുറത്തെടുത്തത്. ആറുപേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
