ശബരിമല യുവതീ പ്രവേശനത്തിൽ അട്ടിമറി; വിനാശകരമായ ചരടുവലികൾക്ക് പിന്നിൽ ‘ഭരണനേതൃത്വത്തിലെ ഉന്നതൻ’; വെളിപ്പെടുത്തലുമായി എ പത്മകുമാർ

 ശബരിമല യുവതീ പ്രവേശനത്തിൽ അട്ടിമറി; വിനാശകരമായ ചരടുവലികൾക്ക് പിന്നിൽ ‘ഭരണനേതൃത്വത്തിലെ ഉന്നതൻ’; വെളിപ്പെടുത്തലുമായി എ പത്മകുമാർ

തിരുവനന്തപുരം:

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കടുത്ത രാഷ്ട്രീയ-ഭരണതല അട്ടിമറി നടന്നു എന്ന സൂചന നൽകി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ നിർണായക വെളിപ്പെടുത്തൽ. യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിക്കുന്നതിനായി തന്നേയും അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റിനിര്‍ത്തുകയായിരുന്നു എന്നാണ് പത്മകുമാര്‍ വ്യക്തമാക്കുന്നത്.

പാര്‍ട്ടിയിലും അന്നത്തെ ഭരണ നേതൃത്വത്തിലും ഒരുപോലെ സ്വാധീനമുണ്ടായിരുന്ന ഒരു ഉന്നതനാണ് ഇതിന് പിന്നിൽ ചരട് വലിച്ചതെന്നും അദ്ദേഹം ആരോപിക്കുന്നു. അടുത്ത സുഹൃത്തുക്കളോടാണ് പത്മകുമാര്‍ ഈ കാര്യങ്ങൾ പങ്കുവെച്ചത്. പാർട്ടിയിൽ നിന്ന് നടപടിയുണ്ടാകുമെന്ന സൂചനകൾ ശക്തമാകുന്നതിനിടെ, ഈ വിവരങ്ങൾ ഉൾപ്പെടുത്തി ആത്മകഥ എഴുതാനും പത്മകുമാര്‍ തയ്യാറെടുക്കുന്നതായാണ് വിവരം.

യുവതികള്‍ ശബരിമലയിൽ പ്രവേശിച്ച ദിവസം ശബരിമലയിലേക്കുള്ള യാത്ര ഒടുവിൽ ഒഴിവാക്കാനും തിരുവനന്തപുരത്ത് എത്താനും തന്നോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ തിരുവനന്തപുരത്ത് എത്തിയപ്പോൾ ഈ ഉന്നത വ്യക്തിയെ കാണാന്‍ തനിക്ക് അനുമതി നല്‍കിയില്ലെന്നും പത്മകുമാർ വെളിപ്പെടുത്തുന്നു. പിന്നീട് യുവതികള്‍ സന്നിധാനത്ത് എത്തിയ വിവരം മാധ്യമങ്ങളിലൂടെയും ടിവിയിലൂടെയുമാണ് താൻ അറിഞ്ഞതെന്നാണ് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വിശദീകരണം. സംഭവം നടന്ന് വർഷങ്ങൾക്ക് ശേഷമുണ്ടാകുന്ന ഈ വെളിപ്പെടുത്തൽ വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിവെക്കുമെന്നുറപ്പാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News