യുവാക്കളെ മർദിച്ച് പരിക്കേൽപ്പിച്ച കേസ്: രണ്ടുപേർ വലിയതുറ പോലീസിന്റെ പിടിയിൽ
By :Sumeshkrishnan
വലിയതുറ:
യുവാക്കളെ മർദിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേരെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടുക്കാട് ബാലനഗർ സ്വദേശി നിതിൻ (23), കൊച്ചുവേളി പൊഴിക്കര സ്വദേശി പ്രവീൺ (25) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ഏപ്രിൽ 23-ന് രാത്രി പൊഴിക്കരയിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. കടകംപള്ളി സ്വദേശികളായ യുവാക്കളുമായി പ്രതികൾ വാക്കുതർക്കത്തിലേർപ്പെടുകയും, തുടർന്ന് ഇവരെ അസഭ്യം പറയുകയും ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു.
വലിയതുറ എസ്.എച്ച്.ഒ അശോക് കുമാർ, എസ്.ഐ ജിബി വി.എൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ നിതിനും പ്രവീണും വലിയതുറ സ്റ്റേഷനിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇതിൽ പ്രവീൺ സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ (RHS) ഉൾപ്പെട്ടയാളാണെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട മറ്റൊരു പ്രതിയായ ലാലുവിനായി പോലീസ് തിരച്ചിൽ തുടരുകയാണ്.
