ഗുരുവായൂർ ഓഡിറ്റോറിയം വാടക വർധനവ്: ദേവസ്വത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഭക്തരുടെ പ്രതിഷേധം പുകയുന്നു

 ഗുരുവായൂർ ഓഡിറ്റോറിയം വാടക വർധനവ്: ദേവസ്വത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഭക്തരുടെ പ്രതിഷേധം പുകയുന്നു

ഗുരുവായൂർ: നവീകരിച്ച തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിന്റെ വാടക ഒരു മണിക്കൂറിന് ജി.എസ്.ടി ഉൾപ്പെടെ 5,900 രൂപയായി ഉയർത്തിയ ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം. കൊച്ചു കുട്ടികളുടെ അരങ്ങേറ്റത്തിനും മറ്റുമായി ഉപയോഗിക്കുന്ന ഓഡിറ്റോറിയത്തിന് ഇത്രയും വലിയ തുക ഈടാക്കുന്നത് സാധാരണക്കാരായ ഭക്തർക്ക് കനത്ത തിരിച്ചടിയാണെന്ന് സോഷ്യൽ മീഡിയയിൽ ഭക്തർ ചൂണ്ടിക്കാട്ടുന്നു.

കോടിക്കണക്കിന് രൂപ വരുമാനവും ആസ്തിയുമുള്ള ക്ഷേത്ര ഭരണസമിതി, കുട്ടികളുടെ കലാപ്രകടനങ്ങൾക്കും അരങ്ങേറ്റങ്ങൾക്കും സൗജന്യമായോ കുറഞ്ഞ നിരക്കിലോ സ്റ്റേജ് വിട്ടുനൽകാൻ തയ്യാറാകാത്തതിനെ ഭക്തർ ചോദ്യം ചെയ്യുന്നു. “പണക്കാർക്ക് മാത്രം പരിപാടികൾ നടത്താനുള്ള ഇടമായി ഗുരുവായൂരപ്പന്റെ നട മാറുന്നു” എന്ന തരത്തിലുള്ള പരിഹാസങ്ങളും അമർഷങ്ങളും പോസ്റ്റിന് താഴെ ഉയരുന്നുണ്ട്.

ശുചിത്വമില്ലായ്മയിലും അടിസ്ഥാന സൗകര്യങ്ങളിലും ഗുരുതര വീഴ്ച

വാടക വർധിപ്പിക്കുന്നതിൽ കാണിക്കുന്ന ജാഗ്രത ക്ഷേത്ര പരിസരത്തെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലോ വൃത്തിപരിപാലനത്തിലോ ബോർഡിനില്ലെന്നും ഭക്തർ ആരോപിക്കുന്നു. ഗണപതി അമ്പലത്തിന് സമീപത്തെ ഭണ്ഡാരങ്ങൾ കൃത്യമായി എണ്ണി തിട്ടപ്പെടുത്തുന്ന അധികാരികൾ, തൊട്ടടുത്തുള്ള നാളികേരം ഉടയ്ക്കുന്ന സ്ഥലത്തെ അസഹനീയമായ ദുർഗന്ധവും അഴുക്കുവെള്ളം നിറഞ്ഞ കാനകളും കാണാതെ പോകുകയാണെന്ന് ഒരു ഭക്തൻ തന്റെ കുറിപ്പിലൂടെ തുറന്നടിച്ചു.

തൊട്ടടുത്തുള്ള കൃഷ്ണനാട്ടം കെട്ടിടത്തിൽ നിന്നുള്ള അഴുക്കുവെള്ളം തുറന്നുവിട്ടിരിക്കുന്നത് മൂലം പരിസരം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുന്നുണ്ടെന്നും, ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തീർത്ഥാടന കേന്ദ്രത്തിന് ഇത് ചേർന്നതല്ലെന്നും കുറിപ്പിൽ പറയുന്നു. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ വിഷയം സോഷ്യൽ മീഡിയ വഴിയും വാർത്താ ചാനലുകൾ വഴിയും പരസ്യപ്പെടുത്തുമെന്ന മുന്നറിയിപ്പും ഭക്തർ നൽകുന്നുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News