കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യ യാത്ര: ‘പ്രിയദർശനി’ പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കമായി

 കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യ യാത്ര: ‘പ്രിയദർശനി’ പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കമായി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയൊരുക്കുന്ന യുഡിഎഫ് സർക്കാരിൻ്റെ പ്രഖ്യാപിത പദ്ധതിയായ ‘പ്രിയദർശനി’ക്ക് ഔദ്യോഗിക തുടക്കമായി. തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കോൺഗ്രസ് മുന്നോട്ട് വെച്ച ‘ഇന്ദിര ഗ്യാരൻ്റികളിൽ’ പ്രധാനപ്പെട്ട ഒന്നാണ് അധികാരത്തിലേറി ഒരു മാസം തികയും മുൻപ് സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ 3,125 കെഎസ്ആർടിസി ഓർഡിനറി ബസുകളിലാണ് ഈ സൗജന്യ യാത്രാ സൗകര്യം ലഭ്യമാകുക. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിൻ്റ് ടു പോയിൻ്റ്, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് എൽഎസ്, ടൗൺ ടു ടൗൺ എന്നീ വിഭാഗങ്ങളിലെ ബസുകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യാത്രക്കാർക്ക് എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി ഈ ബസുകളുടെ മുൻവശത്തെ ചില്ലിലും വാതിലുകളുടെ വശങ്ങളിലും പ്രത്യേക സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ട്.

വരുമാന പരിധിയില്ല; കണ്ടക്ടറിൽ നിന്ന് ‘സീറോ ടിക്കറ്റ്’

വരുമാനമോ സാമൂഹിക പശ്ചാത്തലമോ പ്രായമോ പരിഗണിക്കാതെ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. സൗജന്യ യാത്രയ്ക്കായി പ്രത്യേകം തിരിച്ചറിയൽ കാർഡുകളോ രജിസ്ട്രേഷനോ ആവശ്യമില്ല. ബസിൽ കയറി യാത്ര ചെയ്യുമ്പോൾ കണ്ടക്ടർമാർ ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ (ETM) വഴി ‘സീറോ ടിക്കറ്റ്’ അനുവദിക്കും. ഓരോ യാത്രയും ഡിജിറ്റലായി രേഖപ്പെടുത്തുന്നതിനാണ് ഈ ക്രമീകരണം.

പദ്ധതി സ്ത്രീകളുടെ തൊഴിൽ, വിദ്യാഭ്യാസം, സംരംഭകത്വം എന്നിവയിൽ വലിയ പങ്കാളിത്തം ഉറപ്പാക്കുമെന്നും ഇത് സ്ത്രീകൾക്ക് നൽകുന്ന ഔദാര്യമല്ലെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിലൂടെ ഉണ്ടാകുന്ന 800 കോടിയോളം രൂപയുടെ അധിക സാമ്പത്തിക ബാധ്യത സംസ്ഥാന സർക്കാർ പൂർണ്ണമായും വഹിക്കും. കെഎസ്ആർടിസിയുടെ ശമ്പള, പെൻഷൻ വിതരണത്തെയോ ദൈനംദിന പ്രവർത്തനങ്ങളെയോ ഇത് ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗതാഗത മന്ത്രി സി. പി. ജോൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെഎസ്ആർടിസിയെ ജനകീയവത്കരിക്കുന്നതിൻ്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് പുതിയ പദ്ധതികൾ ആവിഷ്കരിക്കുമെന്നും 93 ബസ് ഡിപ്പോകളുടെയും മേൽനോട്ടത്തിനായി സർവ്വകക്ഷി സമിതികൾ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. മന്ത്രി കെ. എ. തുളസി, എംഎൽഎമാരായ എം. വിൻസൻ്റ്, എൻ. ശക്തൻ, ചീഫ് സെക്രട്ടറി എ. ജയതിലക് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഉദ്ഘാടനത്തിന് ശേഷം തമ്പാനൂരിൽ നിന്നും സെക്രട്ടേറിയറ്റിലെ ദർബാർ ഹാൾ വരെയായിരുന്നു പ്രിയദർശനി പദ്ധതിയുടെ ആദ്യ യാത്ര. കെഎസ്ആർടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ വി. പി. ഷീലയാണ് ചരിത്രയാത്രയ്ക്ക് ചുക്കാൻ പിടിച്ചത്. ജയകുമാരിയായിരുന്നു കണ്ടക്ടർ.

പ്രതിഷേധവുമായി പ്രതിപക്ഷം

അതേസമയം, പ്രിയദർശനി പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി സിപിഎമ്മും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ കെഎസ്ആർടിസി ബസുകളിലും സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് ഇപ്പോൾ ഓർഡിനറി ബസുകളിൽ മാത്രമായി ഒതുക്കി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് ഇടതുപക്ഷം ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചു.

സ്ത്രീകൾക്ക് ആനുകൂല്യം നിഷേധിക്കാനായി ഓർഡിനറി ബസുകളുടെ ബോർഡുകൾ മാറ്റി ‘സിറ്റി ഫാസ്റ്റ്’ ആക്കുകയാണെന്ന് ബിജെപിയും ആരോപിച്ചു. പദ്ധതിയിലെ പോരായ്മകൾക്കെതിരെ ബിജെപി സംസ്ഥാനവ്യാപകമായി കെഎസ്ആർടിസി ഡിപ്പോകളിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ പദ്ധതിക്കെതിരെ മെൻസ് അസോസിയേഷനും പ്രതിഷേധവുമായി രംഗത്തുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News