ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ: ശ്രീകോവിലിനകത്തെ കിടാരം മാറ്റിയതിന്റെ 80 വർഷം പഴക്കമുള്ള സാമൂതിരി തിട്ടൂരം പുറത്ത്

ഗുരുവായൂർ: ഭൂപടത്തിൽ ഭക്തിയുടെ കേന്ദ്രമായ ഗുരുവായൂർ ക്ഷേത്ര ശ്രീകോവിലിൽ വെള്ളം നിറച്ചു വെക്കുന്നതിനുള്ള കിടാരം നിർമ്മാണവുമായി ബന്ധപ്പെട്ട 80 വർഷം പഴക്കമുള്ള അപൂർവ്വ സാമൂതിരി രേഖ പുറത്ത്. രാമയ്യർ പരമേശ്വരൻ പങ്കുവെച്ച വിവരങ്ങളിലാണ് ക്ഷേത്ര ചിട്ടകളുടെയും പൗരാണിക ഭരണസംവിധാനങ്ങളുടെയും കൃത്യത വെളിപ്പെടുത്തുന്ന വിവരങ്ങളുള്ളത്.
1946 ഡിസംബർ 19-നാണ് അന്നത്തെ മാനേജിംഗ് ട്രസ്റ്റിയായിരുന്ന കോഴിക്കോട് സാമൂതിരിപ്പാട് തമ്പുരാൻ ദേവസ്വം മാനേജർക്ക് കൗതുകകരമായ ഈ തിട്ടൂരം അയക്കുന്നത്. ശ്രീകോവിലിനകത്ത് വെള്ളം നിറച്ചിരുന്ന പഴയ പിച്ചളകിടാരം കേടുവന്നതിനെ തുടർന്ന്, പഴയ കാതൻ ചെമ്പ് പൊളിച്ച് തകിടാക്കി പുതിയ ചെമ്പ്കിടാരം ഉണ്ടാക്കാൻ അന്നത്തെ മാനേജർ പദ്ധതിയിടുകയായിരുന്നു. ഇതിനായി ചെലവായ 21 രൂപ 2 അണ 3 പൈയുടെ ബിൽ പാസാക്കി നൽകിയതിനൊപ്പം, കേടുവന്ന പിച്ചളകിടാരം എന്തുചെയ്തുവെന്നും ബാക്കി വന്ന ചെമ്പിന്റെ തൂക്കവും കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്ന് സാമൂതിരി രാജാവ് കർശന നിർദ്ദേശം നൽകുകയും ചെയ്തു.
ഇന്ന് ശ്രീകോവിലിലെ പൂജ പാത്രങ്ങളും അഭിഷേക പാത്രങ്ങളുമെല്ലാം വെള്ളിയിലും സ്വർണ്ണത്തിലും നിർമ്മിക്കപ്പെട്ടവയാണ്. എങ്കിലും, ഏത് കാലഘട്ടത്തിലും കൃത്യമായ കണക്കുകളോടെയും അനുപാതത്തോടെയും ക്ഷേത്രകാര്യങ്ങൾ പരിപാലിച്ചിരുന്ന പൗരാണിക പാരമ്പര്യം അനുസ്യൂതം തുടരുന്നതിന്റെ തെളിവായി ഈ രേഖ മാറുന്നു.
